Sunday, January 25, 2009

എങ്കിലും എന്റെ അമ്മാവാ...............

1995.സുന്ദരമായ ഒരു വേനലവധിക്കാലം.പഠിക്കുക എന്ന കീറാമുട്ടി ചിന്തകളൊക്കെ മാറ്റിവച്ച് യാതൊരു ഉത്തരവാദിത്വവുമില്ലാതെ കളിച്ച്നടക്കുന്ന പ്രായം.അടുത്തത് ഒമ്പതാം
ക്ലാസിലേയ്ക്കാണെന്നോ ഹൈസ്ക്കൂള്‍ പഠനമാണെന്നോ ചിന്തിയ്ക്കാന്‍ സമയമില്ല.ഞങ്ങളെല്ലാവരും ആ അവധിക്കാലത്ത് അമ്മയുടെ വീട്ടിലേയ്ക്കു പോകാനുള്ള പ്ലാനിട്ടു.ഞങ്ങള്‍ എന്നു
വച്ചാല്‍ ഞാനും ചേച്ചിയും മാത്രമല്ല വല്യമ്മയുടെ മക്കള്‍-എന്റെ ചേച്ചിമാ‍ര്‍-അവരും കൂടെയുണ്ടാകും.അവിടെയാകുമ്പോ എനിയ്ക്ക്പറ്റിയ കമ്പനിതരാന്‍ അയലത്തെ ശ്രീക്കുട്ടനുമുണ്ടല്ലോ.
അങ്ങനെ താമസിയാതെ എല്ലാവരും കൂടി തറവാട്ടിലെത്തി.പിന്നെ ഒരു ഉത്സവമേളം ആയിരുന്നു അവിടെ.അരയേക്കറിലധികം വരുന്ന പറമ്പും അതു നിറയെ കടപ്ലാവും,മാവും,കശുമാവും
പിന്നെ കഥ പറഞ്ഞു തരാന്‍ മുത്തശ്ശിയും മുത്തഛനും ഉള്ള അവിടെ ഒരിയ്ക്കലും മടുക്കില്ല.തൊടിനിറയെ എപ്പോഴും അണ്ണാറക്കണ്ണനും കിളികളും ഒക്കെ ഉണ്ടാകും.റോഡില്‍ നിന്ന്
ഒരുപാട് ഉള്ളിലേയ്ക്കു മാറിയുള്ള സ്ഥലമായതിനാല്‍ നല്ല ശാന്തമായ അന്തരീക്ഷം.അവിടെ ഞങ്ങളുടെ പ്രധാന വിനോദങ്ങളായ കഞ്ഞിയും കറിയും വയ്ക്കല്‍,മണ്ണപ്പം ചുടുക,ആഞ്ഞിലി ചക്ക
പറീയ്ക്കുതുടങ്ങിയ കലാപരിപാടികളും പൂച്ചപ്പഴം,കൊട്ടങ്ങ തുടങ്ങിയ പഴങ്ങള്‍ തേടികാടുകയറുക എന്നീ കായിക വിനോദങ്ങളുമായ് തകര്‍ത്ത് നടക്കുന്ന സമയത്താണ് അവിടെ ഒരെഴുത്ത് കിട്ടിയത്.
പാലക്കാട് നിന്ന് ഞങ്ങളുടെ കൊച്ചമ്മാവനൊക്കെ ഉടന്‍ തന്നെ വരുന്നുവെന്ന്.അവരെയൊക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടതാണ്.അങ്ങനെ പറയുന്നതിനേക്കാള്‍ നല്ലത് അവര്‍ എന്നെ കണ്ടതാണെന്നു പറയുന്നതാ..
അടുത്തയാഴ്ച്ച അവരിങ്ങെത്തുമെന്നാ പറഞ്ഞിരിയ്ക്കുന്നെ.ഈശ്വരാ സകല പരിപാടിയും പോളിയുമോ.ഇനി ചിലപ്പൊ പുറത്തിറങ്ങണമെങ്കില്‍ പോലും ഇവരുടെയൊക്കെ അനുവാദം മേടിയ്ക്കെണ്ടി വരുമോ.അല്ലാ‍ പണ്ടുകാലത്ത് അങ്ങനെയൊക്കെയായിരുന്നെന്നാ തോന്നണെ.എന്തിനു പറയുന്നു ഓരോ ദിവസവും പൂക്കുറ്റിപോലെ കടന്നു പോയി.
പറഞ്ഞിരുന്ന ദിവസം തന്നെ അവര്‍ ലാന്റ് ചെയ്തു.ഞങ്ങള്‍ സ്ഥലത്തില്ലായിരുന്നത് കൊണ്ട് ‘ചൂടോടെ ’ കാണാന്‍ പറ്റിയില്ല.അന്ന് ഞങ്ങള്‍ക്ക് എവിടെയായിരുന്നു ‘ഡ്യൂട്ടി’ എന്നോര്‍ക്കണില്ല.
ഞങ്ങള്‍ വന്നപ്പോ എല്ലാരും വീട്ടിലുണ്ട്.പക്ഷേ അവരുടെ നേതാവിനെ മാത്രം കണ്ടില്ല.യേത് നമ്മുടെ അമ്മാവനെ.ഞാ‍ന്‍ പതുക്കെ അരമതിലില്‍ക്കൂടി ചാടി വരാന്തയിലേയ്ക്കിറങ്ങി.പെട്ടന്ന് പറമ്പില്‍ നിന്നും
ആരോ എന്റെ നേരെ ഓടിവരുന്നു.ആരാണെന്ന് പിടികിട്ടുന്നില്ല.ഇനി കടം തിരിച്ച് കൊടുക്കാനുള്ള ആരെങ്കിലുമാണോ.മുങ്ങണോ.അടുത്തെത്തിയതും എന്നെ മനസ്സിലായോ എന്നു
ചോദിച്ചു.അന്തം വീട്ട് നില്‍ക്കണ ഞാനെങ്ങനെ പറയും ഇതാരാന്ന്.അപ്പോഴേയ്ക്കും അമ്മ പിന്നില്‍ നിന്നും വിളിച്ച് പറഞ്ഞു അത് അമ്മാവനാടാ.പണ്ടാരം നേരത്തേ പറഞ്ഞു തുലയ്ക്കേണ്ടെ മനുഷ്യന്റെ
അണ്ടം കത്തിപ്പോയല്ലോ എന്നു ഞാന്‍ പറഞ്ഞില്ലെന്നേയുള്ളു.അല്ലാ നിങ്ങളു തന്നെ പറ.ഒരു ആറ് ആറരയടി പൊക്കമുള്ള നല്ല വണ്ണവും മസിലുമൊക്കെയുള്ള കറുത്ത് മുടിയൊക്കെ പാറിപറന്നു നടക്കണ ആളെ
പെട്ടന്നു കണ്ടാല്‍ ഞെട്ടാതിരിയ്ക്കുമോ.ഹും...
ഇനിയാണ് ജനറേഷന്‍ ഗ്യാപ്പിന്റെ പ്രശ്നം തുടങ്ങാന്‍ പോണേന്നോര്‍ത്തിരിക്കുമ്പോഴാ അമ്മാവന്‍ ചോദിയ്ക്കുന്നെ എന്താ അടുത്ത പരിപാടീന്ന്.നമ്മടെ തരത്തിനു പറ്റിയ ആളാ പുള്ളീന്ന് തോന്നണു.ഏതായാലും
ഇനീം ദിവസങ്ങളുണ്ടല്ലൊ.അങ്ങനെ രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോഴേയ്ക്കും ഞങ്ങള്‍ ഭയങ്കര കമ്പനിയായി.ഒരു കുഴപ്പം മാത്രം കക്ഷിയ്ക്ക് ക്രിക്കറ്റ് കളിയ്ക്കാന്‍ അറിയില്ല.പക്ഷേ കുട്ടിയും കോലും കളിയില്‍
ഉസ്താദ് ആണെന്നാ പറയുന്നെ.അതു ഞങ്ങള്‍ക്കറിയില്ലല്ലോ.അല്ലെങ്കിലും പണ്ടുള്ള എല്ലാരും ആ കാര്യത്തില്‍ നല്ല പരിചയമുള്ളവരാ..യേത്..
അങ്ങനെയിരിയ്ക്കെ ഒരു ദിവസം വൈകിട്ട് എല്ലാരും കൂടിയിരിയ്ക്കുമ്പോള്‍ പിറ്റെ ദിവസത്തെ പ്രഭാതഭക്ഷണത്തെപറ്റി എങ്ങനെയോ ഒരു ചര്‍ച്ച വന്നു.അമ്മ പറഞ്ഞു നാളെ ഒരു വെറൈറ്റി ആയിക്കോട്ടെ.നല്ല കുത്തരി
കഞ്ഞിയും മങ്ങാ ചമ്മന്തിയും പ്ലാവില സ്പുണുമൊക്കെ ആയാലോ.
“ വേണ്ട ”
അമ്മാവന്‍ തിര്‍ത്ത് പറഞ്ഞു.നാളെ രാവിലത്തെ ഭക്ഷണം എന്റെ വകയാണ്.നാളെ ഒരു സ്പെഷ്യല്‍ ഉപ്പുമാവ് ഉണ്ടാക്കാം.ആള് പാചകത്തില്‍ ഒരു പുലിയാണെന്ന് കേട്ടിരുന്നൂട്ടോ.നമുക്ക് കഴിച്ച് നോക്കിയാലല്ലേ എന്തെങ്കിലും അഭിപ്രായം പറയാന്‍ പറ്റൂ.എന്താകുമോ എന്തോ...
* * * * * * * * * * * * * *
രാവിലെ ആരോ തട്ടി വിളിയ്ക്കുന്നു.....വീണ്ടും വീണ്ടും തട്ടുന്നു...
ഓ...ഇപ്പഴാ മനസ്സിലായേ...
മൂടിപുതച്ച് ഉറങ്ങുന്ന എന്നെ അമ്മാവന്‍ തട്ടി വിളിയ്ക്കുന്നതാണ് രംഗം.ഇങ്ങനെയാണെങ്കില്‍ ഒന്നാമങ്കത്തില്‍
തന്നെ അമ്മാ‍വന്റെ കട്ടേം പടോം മടങ്ങിയതുതന്നെ.ഈ കൊച്ചുവെളുപ്പാന്‍ കാലത്തെ എന്താണാവോ ഇങ്ങേരുടെ പരിപാടി.
“ഉടനെ പോയിപല്ലുതേച്ചുവാ.നമുക്ക് ഒരു സ്ഥലം വരെ പോണം”
പല്ലുതേച്ച് കൊണ്ടു നിന്നപ്പോഴാ‍ അകത്ത് നടക്കുന്ന ഡയലോഗില്‍ നിന്ന് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിയെ.രാവിലത്തെ ഭക്ഷണത്തിന് സാധനങ്ങളൊക്കെയുണ്ട് വെളിച്ചെണ്ണയൊഴികെ.ഇതൊരുമാതിരി പാന്റും ഷര്‍ട്ടും ഉണ്ട് ഷഡ്ജം ഇല്ല എന്നു പറഞ്ഞമാതിരിയായി.എന്നെ റെഡിയാക്കി കടയിലേയ്ക്കുള്ള വഴികാട്ടിയാക്കാനുള്ള പരിപാടിയാ.ഏതായാലും ഒരു ചായയും കുടിച്ച് ഞാന്‍ റെഡിയായി.
“ അമ്മാവാ.......പോകാം ”
ഒരു കിറ്റും കുപ്പിയുമെടുത്ത് അമ്മാവനും ഇറങ്ങി...വെളിച്ചെണ്ണമേടിയ്ക്കാന്‍.ഞാന്‍ അന്തസ്സായിട്ട് ഉള്ള നെഞ്ചും വിരിച്ച് മുന്നില്‍ നടന്നു.
“നമുക്ക് ഷോര്‍ട് കട്ട് വഴി പോകാം”
“ആ ശരി അങ്ങനേങ്കില്‍ അങ്ങനെ”
പക്ഷേ പണി പാളി.വഴി മാറിപ്പോയി.ഞാന്‍ നേരത്തേപോയിട്ടുള്ള വഴിയോക്കെ കരക്കാര് വേലികെട്ടി തിരിച്ചു.എന്നാലും പോയവഴി തന്നെ അങ്ങ് നടന്നു.ഒരു ചെറിയ വേലി ചാടി കടന്നു.മുണ്ട് ഉടുത്ത് വേലി ചാടുന്നത് റിസ്ക് ആണുട്ടോ.പറഞ്ഞില്ലാന്നു വേണ്ട.പിന്നാലെ അമ്മാവനും വേലിചാടി വന്നു.മൂപ്പര് ഓര്‍ത്തത് ഇവിടെയൊക്കെ ആളുകള്‍ ഇതുപോലെ വേലിചാടിയൊക്കെയാ പോകുന്നേന്നാ.അല്ലെങ്കില്‍ പിന്നെ ഞാന്‍ പതുങ്ങി ചാടുമ്പോ മൂപ്പര്, ഇതെന്റെ അവകാശമാണെന്ന പോലെ വിശാലമായി ‘ആരും കാണുന്നില്ലെടേയ് ’ എന്നും പറഞ്ഞാ ചാടുന്നെ.
“ അയ്യോടാ വഴി തീര്‍ന്നല്ലോ ”
പറഞ്ഞതുപോലെ ശരിയാണല്ലൊ.വഴി തീര്‍ന്നു.വഴിതീര്‍ന്നൂന്ന് മാത്രമല്ല ഇപ്പോ ഞങ്ങള്‍ നില്‍ക്കുന്നത് വലിയൊരു മണ്തിട്ടയിലാ.ഇനി മുമ്പോട്ടു പോകണേല്‍ അവിടെനിന്ന് താഴേയ്ക്ക് ചാടണം.താഴെ വിശാലമായിട്ട് കരിപ്പാടം.
“ നിനക്ക് വഴി തെറ്റിയോ ”
അതങ്ങനെയങ്ങു സമ്മതിയ്ക്കാന്‍ പറ്റുമോ.നമുക്ക് അഭിമാനമല്ലേ വലുത്.
“ വഴി ഇതൊക്കെ തന്നെയാ.നമുക്കിതങ്ങു ചാടാമെന്നേയ് ”
“ഇവിടെ ഇതൊക്കെ ചാടിയാ പലരും അപ്പുറത്തേയ്ക്കു പോകുന്നേ.
വലിയ താഴ്ച്ചയില്ലെന്നു തോന്നുന്നു. ”
അമ്മാവാ ഞാന്‍ ചാടുന്നേ.........................................................”

ധും

“അയ്യോ................”

“എന്താടാ”
“ഏയ് ഒന്നൂല്ല”
ഉദ്ദേശിച്ചതിലും ഇത്തിരി താഴ്ച്ച കൂടുതലാണോന്നു സംശയം.ഇന്നലെ ഇത്രേം താഴ്ച്ചയില്ലാരുന്നല്ലോ.ഇതും വിചാരിച്ച് മോളിലേയ്ക്കു നോക്കാന്‍ തോന്നിയത് ഭാഗ്യം.
നീലയും വെള്ളയും നിറമടിച്ച പറക്കും തളിക വരുന്ന പോലെയാ എനിക്കു തോന്നിയെ.അമ്മാവന്‍ മോളീന്ന് പറന്ന് വരുന്നതാ ഞാന്‍ പിന്നെ കണ്ടത്.ഉടുമുണ്ട് പാരച്യൂട്ടാ‍ക്കി,എന്റെ കളരിപരമ്പര ദൈവങ്ങളെയെന്നും പറഞ്ഞ് ദേ കെടക്കണ് അമ്മാവന്റെ കടുകും കരിവേപ്പിലേം.എനിയ്ക്കൊന്നു മാറാന്‍ തോന്നിയില്ലാരുന്നേല്‍ ഒരാളെ കാണ്മാണ്ടായേനെ.
ഭാഗ്യം..വീണത് പാറക്കല്ലിലായതു കൊണ്ട് ഒന്നും പറ്റീല്ല.ഇത്തിരി നേരം അവിടെ അങ്ങനെ ഇരുന്നു.പൊന്നീച്ചയൊക്കെ പറന്നുപോയിട്ട് എണീയ്ക്കാം എന്നു വിചാരിച്ചു.അമ്മാവന് ആ മട്ടൊന്നും ഇല്ല.വൈകുന്നേരം കാറ്റ് കൊള്ളാനിരിയ്ക്കുന്ന പോലെയാ മൂപ്പര്ടെ ഇരിപ്പ്.രാവിലെ കിടക്കപ്പായേന്ന് വിളിച്ചോണ്ട് വന്ന് കൊണ്ടെത്തിച്ച സ്ഥലം.ഇവിടെ നിന്ന് എണീറ്റിട്ട് വേണല്ലോ വീടെത്താന്‍.ഒരു ഗ്ലാസ്സ് വെള്ളം കിട്ട്വോ.ആരോടു ചോദിയ്ക്കാന്‍.
അമ്മാവന്‍ മോളീലേയ്ക്ക് നോക്കി ഒറ്റയിരുപ്പാ.അവിടെവല്ലതും ബാക്കിയിരുപ്പുണ്ടോന്നാരിക്കും.പതുക്കെ പൊടിയൊക്കെ തട്ടി ഞാന്‍ എണീറ്റു.കാലിന് ചെറിയ ഉളുക്ക് പറ്റിയോന്ന് സംശയം.എനിക്കിങ്ങനെയാകുമ്പോ
അമ്മാവന്റെ ഷോക്കബ്സോര്‍ബറോ കാര്‍ബോറാണ്ടമോ വല്ലതും അടിച്ചുപോയിട്ടുണ്ടാകുമോ ആവോ.
എങ്ങനെയൊക്കെയോ അമ്മാവനും എണീറ്റു.ധൂമകേതു വീണപോലെ വല്യൊരു കുഴീന്നാ പുള്ളി എണ്ണീയ്ക്കണെ.ഒരുമാതിരി,ജയഭാരതി ഇരുന്നെണീറ്റ പോലൊരു കുഴി.പതുക്കെ ഞങ്ങള്‍
പാടത്തിന്റെ ഓരം പിടിച്ച് നടന്നു തുടങ്ങി.ജൂണ്‍ ജൂലായ് എന്നും പറഞ്ഞ് നടന്ന അമ്മാവന്‍ ഇപ്പോ ജനുവരി ഡിസംബര്‍ എന്നും പറഞ്ഞാ നടക്കുന്നെ.
“ ഇനീം ഷോര്‍ട് കട്ട് ഉണ്ടോടാ ”
“ ഇല്ല ഇതുമാത്രേ ഉള്ളൂ”(ആ..?) ”
ചന്തിയില്‍ ആന സീലടിച്ചപോലത്തെ പാടും കോണ്ട് ഞെളിഞ്ഞും പിരിഞ്ഞും ചെല്ലണ ഞങ്ങളെ കണ്ടാല്‍ വല്ല പിച്ചക്കാരുമാണെന്ന് പറയാതിരുന്നാല്‍ കോള്ളാം.
പക്ഷേ ഉദ്ദേശിച്ചപോലെ കുഴപ്പം ഉണ്ടായില്ല.ഒരു ചെറിയ കരിങ്കല്‍ കെട്ടു കൂടി കയറി ഞങ്ങള്‍ വെളിച്ചെണ്ണയും മേടിച്ച് മടങ്ങി.
“ഇനി നമുക്ക് നേരെയുള്ള വഴീല്‍ക്കൂടി പോയാലോടാ”
“എന്നാ അങ്ങനെ പോകാം” (ഞാനും അതു പറയാനിരിയ്ക്കുവാരുന്നു............!!!!!!!! )
പാവം...മതീം കൊതീം വച്ചു..
ഒന്നര കിലോമീറ്റര്‍ ഇഴഞ്ഞു വലിഞ്ഞ് നീങ്ങീ വീടെത്തി.
വീടെത്തിയതും അമ്മാവന്‍ നേരെ അടുക്കളയിലെത്തി പോലീസ് കള്ളനെ തട്ടണപോലെ കിറ്റും കുപ്പിയും അവിടെ വച്ചു.കഷ്ടപ്പെട്ട് മേടിച്ചോണ്ടുവന്നതിന്റെ അഹങ്കാരം കൊണ്ട് കുപ്പി വച്ച ശക്തി കൂടിപ്പോയെന്നു തോന്നുന്നു.
............................ടമാര്‍............പടാര്‍.............................
ചെറിയ ഒരു ശബ്ദം മാത്രേ കേട്ടുള്ളു.കിറ്റിന്റെ പുറത്തേയ്ക്ക് വെളിച്ചെണ്ണ കണ്ടതും ഞാന്‍ ഉമ്മറത്തേയ്ക്കു മുങ്ങി.അടുക്കളയില്‍ ചെറിയൊരു ബഹളം.
“ നീ പാത്രമിങ്ങെടുത്തേ..........കുപ്പിമാറ്റ്...........കിറ്റ്മാറ്റ് ”
അങ്ങനെയൊക്കെ അവിടെ കേള്‍ക്കാം.
ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍,അമ്മാവന്‍.....


“എടീ ....കഞ്ഞി തന്നെ മതി” ( ഇതില്‍ കൂടുതല്‍ ഇനിയെന്ത് കഞ്ഞിയാവാന്‍......................!!!! )