ഒരു അവധി ദിനം ഉല്ലാസപൂര്‍വ്വം ചെലവഴിക്കുക എന്നതായിരുന്നു ലക് ഷ്യം.
ഞാനും രാജേഷേട്ടനും അനുജന്മാരായ സുജു,അജു ഇവരുമൊത്തുള്ള യാത്ര ഉത്സവമാക്കാനുള്ള തയ്യാറെടുപ്പായിരുന്നു പിന്നെ.ഒന്നോ രണ്ടോ ദിനങ്ങള്‍ മാത്രം ശേഷിക്കെ മൂന്നാറിനെക്കുറിച്ചും റോഡ് മാര്‍ഗ്ഗത്തെക്കുറിച്ചും കിട്ടാവുന്നതെല്ലാം ഞാന്‍ ശേഖരിച്ചു.മൂന്നാറിനെക്കുറിച്ച് ഞാന്‍ മനസ്സിലാക്കിയ എല്ലാ കാര്യങ്ങളിലും പ്രകൃതിയ്ക്ക് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ടായിരുന്നു.ചരിത്രത്തില്‍ മറഞ്ഞ ഒരു രാജവംശത്തിന്റെ പഴമയും പ്രതാപവും അതില്‍ പെടും.ഒരു ദിവസത്തെ യാത്ര മാത്രമാണു ഞങ്ങളുടെ
ഉദ്ദേശ്യമെങ്കിലും അവശ്യവസ്തുക്കളെല്ലാം കൈയ്യില്‍ കരുതണം എന്ന പ്രത്യേക നിഷ്കര്‍ഷ എനിക്കുണ്ടായിരുന്നു.രണ്ടു ദിവസമെന്നത് രണ്ടു യുഗങ്ങള്‍ പോലെ കടന്നുപോയി.മൂന്നാറിന്റെ ശീതളിമഛായ മനസ്സില്‍ പകര്‍ന്നതു കൊണ്ടാകണം തലേദിവസം ഉറങ്ങാന്‍ കഴിയാതിരുന്നത്.നേരം പുലരുന്നതിനു മുന്‍പേ ഉണര്‍ന്നു.ആവശ്യമില്ലെങ്കിലും എല്ലാവര്ക്കും മിസ്സ് കാള്‍ അടിച്ചു.
കാരണം,ഒരു യാത്രയ്ക്ക് മാനസികമായി തയ്യാറെടുത്ത ഒരാള്‍ക്ക് ഉണരുവാന്‍ അലാറം പോലും ആവശ്യമില്ല എന്നത് ഒരു മനശാസ്ത്രമാണല്ലൊ.
പുലര്‍ച്ചെ 5 മണിക്കു മുന്‍പായി തന്നെ എല്ലാവരുടേയും വീടുകളിലെത്തി,നാലു പേരെന്ന ‘വന്‍ സംഘ ബല’ത്തിലെത്തി.നിശ്ചയിച്ചുറപ്പിച്ച സമയത്തു തന്നെ യാത്രയാരംഭിക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചു.ദൈവങ്ങള്‍ക്കു കാണിക്കയര്‍പ്പിച്ചു വിശ്വാസങ്ങള്‍ക്കു ബലം കൊടുത്ത് ഞങ്ങള്‍ മുന്നോട്ട്.
പുലരിയുടെ പൊന്‍കണങ്ങള്‍ കിഴക്കുനിന്നും യാത്രയാരംഭിച്ചിരിക്കുന്നു.പ്രഭാതത്തിലെ തണുപ്പ് ശരീരത്തെ കുളിര്പ്പിക്കുന്നുവെങ്കിലും മനസ്സിനെ ഉന്മേഷത്തിന്റെ പാരമ്യത്തിലെത്തിക്കാന്‍ പോന്നതായിരുന്നു.ഞങ്ങളുടെ ആള്‍ട്ടോ കാറിന്റെ‘ഡ്രൈവനായി’ അജു ചുമതലയേറ്റിരിക്കുന്നു.
സഹ ഡ്രൈ
വന്‍,ക്ഷമിക്കണം പൈലറ്റായി ചാര്‍ജെടുത്തിരിക്കുന്നത് സുജു.ഒരു കാരണവര്‍ സ്ഥാനീയനായി രാജേഷേട്ടന് പുറകിലുണ്ട്.അടുത്തു തന്നെ ഈയുള്ളവനും.
ചെറിയ തമാശകള്‍ പോലും ഞങ്ങള്‍ ആഘോഷിച്ചു.പുലര്‍ച്ചെ തന്നെ ജോലിക്കിറങ്ങിയ തമിഴ് സംഘങള്‍,ജോഗിംഗ് ചെയ്യുന്നവര്‍ തുടങ്ങിയ പതിവു കാഴ്ച്ചകള്‍.എല്ലാവരേയും പിന്നിട്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു.വഴികളില്‍ ഇടുങ്ങിയ റോഡുകള്സംശയത്തിനിടനല്കിയെങ്കിലും സൈന്‍ ബോര്‍ഡുകള്‍ സഹായം നല്കി.പലസ്ഥലങ്ങളിലും തകര്‍ന്നു കിടക്കുന്ന റോഡ് നമ്മുടെ ‘ഡ്രൈവനെ’അസ്വസ്ഥനാക്കുന്നുണ്ടെങ്കിലും,ബുള്ളറ്റിനിടയിലൂടെ ഒഴിഞ്ഞുമാറി
രക്ഷപ്പെടുന്ന രജനീകാന്ത് വിദ്യ അദ്ദേഹം ഇവിടെ പ്രയോഗിച്ചു കൊണ്ടിരുന്നു...........
കുറെയേറെ വഴികള്‍ പിന്നിട്ടിരിക്കുന്നു,പ്രഭാതമായി.വയറ്റില്‍ നിന്നും വിളി വന്നു തുടങ്ങിയിരിക്കുന്നു.അടുത്തതായി പ്രഭാത ഭക്ഷണം.ഒരു ഒഴിഞ്ഞ സ്ഥലമെത്തിയപ്പോള്‍ ഞങ്ങള്‍ വാഹനം നിര്‍ത്തി കാര്യങ്ങളിലേക്കു കടന്നു.പാത്രത്തില്‍ ദോശയും ചമ്മന്തിയും.ഒരു മല്ലയുദ്ധത്തിനു ശേഷം,
ചമ്മന്തിക്ക് എരിവും പുളിയുമില്ലെങ്കിലെന്താ ഉപ്പ് ലാവിഷായിട്ടുണ്ടല്ലോയെന്ന് ആരുടേയോ ഗോള്‍.അത് ഞങ്ങള്‍ ശരിക്കാസ്വദിച്ചു.വീണ്ടും യാത്രയിലേയ്ക്ക്...
ഒപ്പം പുതിയ ‘സാരഥി’സ്ഥാനമേറ്റു.വെയിലുദിച്ചിരിക്കുന്നു.അവധിദിനമായതുകൊണ്ട് പലസ്ഥലങ്ങളിലും ചെറിയ കടകള്‍ മാത്രമേ തുറന്നിട്ടുള്ളൂ.പക്ഷേ ഒന്നാലോചിച്ചാല്‍ അവധി ദിനങ്ങളിലല്ലേ കടകളുടെ ആവശ്യം കൂടുതല്‍?പുതിയ സാരഥി ആളു പുലിയാണെന്നു തോന്നുന്നു.സ്പീഡോ മീറ്റര്‍
എഴുപതില്‍ താഴേക്കു വരാന്‍ മടി കാണിക്കുന്നു.വീണ്ടും കുറെ വഴികള്‍ പിന്നിട്ടു കഴിഞ്ഞു.
അടിമാലിയിലേക്കിനി പത്തു കിലോമീറ്റര്‍ മാത്രമെന്ന് മയില്‍ക്കുറ്റി ഓര്‍മ്മിപ്പിക്കുന്നു.അടിമാലിയെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ടെന്നല്ലാതെ ഞാന്‍ അതുവഴി പോകുന്നത് ആദ്യമായാണ്.മുമ്പൊക്കെ വൈകിട്ട് 5മണി കഴിഞ്ഞാല്‍ അതുവഴി ബസ്സുകള്‍ പോലും പോവില്ലായിരുന്നു.ആനയിറങ്ങുന്ന സ്ഥലമാണത്രെ.
ഒരു ഹൈറേഞ്ച് യാത്രയെ അനുസ്മരിപ്പിക്കുന്നതായിരുന്നു അടിമാലിയിലേക്കുള്ള വഴികള്‍.ഇവിടെ വൈകിട്ട് കോടയിറങ്ങുന്ന സ്ഥലമാണെന്ന് ‘വളയമേന്തിയയാള്’.
കോടയെന്നു പറഞ്ഞെങ്കിലും ആനയെയാണ് ഉദ്ദേശിച്ചതെന്ന കൂട്ടത്തിലൊരുവന്റ്റെ കമന്റ്റ് ചിരിപടര്‍ത്തി.അടിമാലിയിലൂടെ...........
പറഞ്ഞുകേട്ടതെല്ലാം സത്യമാണെന്ന് ഊട്ടിയുറപ്പിക്കും വിധമുള്ള വഴികള്‍.ഇടതുവശം കരിങ്കല്‍ പാറകള്‍ മാത്രം.മലയരിഞ്ഞുണ്ടാക്കിയ വഴിയാണിതെന്ന് ആര്‍ക്കും മനസ്സിലാക്കാം.വലതുവശം ഇടതൂര്‍ന്ന ഈറ്റക്കാടുകള്‍ തന്നെ.അവയില്‍ പലതും ക്രമരഹിതമായി ഒടിച്ചു തള്ളിയിരിക്കുന്നു.ഒരുപക്ഷേ ആനക്കൂട്ടം ഇരതേടിയതാവാം.വളഞ്ഞും പുളഞ്ഞും പോകുന്ന റോഡുകളില്‍ പലപ്പോഴും ഞങ്ങള്‍ ഒറ്റപ്പെട്ടുകൊണ്ടിരുന്നു.നല്ല പകല്‍ സമയമാണെങ്കിലും ഏതെങ്കിലുമൊരു തിരിവില്‍
ഈറ്റക്കാടുകള്‍ വകഞ്ഞു മാറ്റി ശൌര്യവും ഗാംഭീര്യവുമൊത്ത ഏതെങ്കിലും ഒറ്റയാന് വഴിമുടക്കി നില്‍ക്കുന്നുണ്ടാവുമോ എന്ന ചിന്ത തെല്ലൊരമ്പരപ്പുണ്ടാക്കാതിരുന്നില്ല.
കാരണം,യഥാര്‍ഥ ഒറ്റായാനെ നേരിട്ടു കണ്ടുതന്നെയാവണമെന്ന് എവിടെയോ വായിച്ചത് ഞാനോര്‍മ്മിച്ചു(ആ എഴുത്തുകാരന്റെ മരണം എങ്ങനെയാണാവോ?)
അതു വായിച്ചപ്പോള്‍ തോന്നിയ ആഗ്രഹം തല്ക്കാലം ഇപ്പോള്‍ ഇല്ല.ഈറ്റയും ഇളം പുല്ലകളും തിന്ന് യഥേഷ്ടം വെള്ളവും കുടിച്ച് സ്വാതന്ത്ര്യത്തില്‍ മദിച്ചു നടക്കുന്ന ഒറ്റയാന് നിയന്ത്രണങ്ങളൊന്നുമില്ല.എതോ ഒരു വാരികയില്‍ നടന് ജയറാം ഒറ്റയാനെ നേരിട്ടു കണ്ട അനുഭവം പറഞ്ഞിട്ടുണ്ട്.വലിപ്പമേറിയ നീളന്‍ കൊമ്പുകളും പൊടിയണിഞ്ഞ രൂപവും
ഒക്കെ ചേര്‍ന്ന ഒരു ഭീകര രൂപമാണത്രെ.അവ അടുത്ത നിമിഷം എന്തു ചെയ്യുമെന്ന് പ്രവചിക്കാനാവില്ലത്രെ.ഏതായാലും അങ്ങനെയൊന്ന് സംഭവിച്ചാല്‍ തന്നെ രാജേഷേട്ടന്റെ വിസിറ്റിംഗ് കാര്‍ഡ് കാണിച്ചാല്‍ മതിയെന്ന ഒരുവന്റെ പ്രതികരണം കുറിക്കുകൊണ്ടു.വഴിയില്‍ ഒരിടത്തു പാര്‍ക്ക് ചെയ്ത് അല്‍പ്പം വിശ്രമം.രണ്ടു മൂന്നു ഫോട്ടോസ്.വീണ്ടും യാത്രയിലേയ്ക്ക്.
ഇപ്പോള്‍ സാരഥ്യം സുരക്ഷിതമാണെന്ന് എനിക്കു തോന്നുന്നു.കാരണം ഞാനാണല്ലോ ഇപ്പോള്‍ ‘നായകന്’.ഒരു പെരുമ്പാമ്പെന്നവണ്ണം റോഡ് പോയിക്കൊണ്ടിരുന്നു.
മൂന്നാറിലേയ്ക്ക് കിലോമീറ്ററുകള്‍ കുറഞ്ഞു കുറഞ്ഞു വരുന്നു.പല സ്ഥലങ്ങളിലും ചെറിയ ചെറിയ കുന്നുകളും കാടുകളുമൊക്കെ പ്രത്യക്ഷപ്പെട്ടുതുടങ്ങി.
ഭ്രമിപ്പിക്കുന്ന നിശബ്ദത.ഇളം തണുപ്പ് ചെറുതായി കടന്നു വരുന്നു.ആഹ്ലാദത്തിനൊപ്പം നിശ്വാസങ്ങളില്‍പ്പോലും നവോന്മേഷം പകര്‍ന്നുകൊണ്ട് അതിന്റെ ശക്തി കൂടി വരുന്നതായി തോന്നി.
എല്ലവരും ആ വന്യ സൌന്ദര്യം ആസ്വദിക്കാന്‍ തയ്യാറെടുക്കുന്നതു കൊണ്ടാവാം ആരും സംസാരിക്കുന്നു പോലുമില്ല.അഥവാ അത്രപോലും ശ്രദ്ധ മാറ്റാന്‍ ആരും ആഗ്രഹിക്കുന്നില്ല.
മൂന്നാറിന്റെ കൈവഴികളിലേക്കു പ്രവേശിച്ചതോടെ കാഴ്ച്ചകള്‍ കൂടുതല്‍ മനോഹരമായിക്കൊണ്ടിരുന്നു.ഇടയ്ക്കു കണ്ട തുറസ്സായ സ്ഥലത്തു വാഹനം നിര്‍ത്തി തൊട്ടടുത്തുള്ള പൈന്‍
തോട്ടത്തില്‍ അല്‍പ്പം വിശ്രമിച്ചു.ഒപ്പം കുറച്ചു ഫോട്ടോസും.വീണ്ടും യാത്രയാരംഭിച്ചു.
അല്പ നേരത്തെ യാത്രക്കു ശേഷം ഞങ്ങളിതാ മൂന്നറിന്റെ പ്രധാന പാതയിലൂടെ.പ്രക്രൃതിയുടെ മനോഹാരിത ആവോളം സ്വാംശീകരിച്ച ഹരിതാഭയാര്‍ന്ന കുന്നുകളും
ചെറിയ മഴക്കാടുകള്‍ തീര്‍ത്ത സസ്യ സമൃദ്ധിയും നിറഞ്ഞ ജൈവ വൈവിദ്ധ്യത്തിലൂടെ...കോടമഞ്ഞലംകൃതമായ ഹരിതപര്വ്വതങ്ങള്ക്കൊപ്പം അരുവികള്‍ അരഞ്ഞാണം ചാര്‍ത്തുന്ന കുന്നുകള്‍.
പക്ഷികളുടെ കൂജനങ്ങളും തണുപ്പിന്റെ വശ്യതയും.ഇളം നീല നിറമാര്‍ന്ന ആകാശം കൂടി ഇവയ്ക്കൊപ്പം ചേരുമ്പോള്‍,അറിഞ്ഞനുഗ്രഹിച്ച ദൈവമെന്ന വലിയ ചിത്രകാരന്റെ ഭാവനാ വൈവിദ്ധ്യം
ഇവിടെ സ്പഷ്ടം.പൂക്കളും പുല്ക്കൊടികളും കണ്ട് അത്ഭുതപ്പെടുന്ന ഒരു ബാല്യം പോലെ ഞങ്ങള്‍ നിര്‍ന്നിമേഷരായി നോക്കിനിന്നു.ജീവിതത്തിലെ എല്ലാ തിരക്കുകളും ഇവിടെ അലിഞ്ഞില്ലാതാകുന്നു.
സൌന്ദര്യമെന്നത് മനുഷ്യന് ആദ്യം കണ്ടറിഞ്ഞതും പ്രകൃതിയില്‍ നിന്നു തന്നെയാണല്ലോ.ജീവിതത്തിലെ മറക്കാനാവാത്ത ഒരു നിമിഷം തന്നെയാണിതെന്ന വസ്തുത എന്റെ മനസ്സില്‍ പതിഞ്ഞിരിക്കുന്നു.
തുടര്‍ന്ന് ഞങ്ങള്‍ ദേവികുളം,കുണ്ടള ഡാമുകളും സന്ദര്‍ശിച്ച് ഹില്‍ ടോപ്പിലേയ്ക്ക്.
ഹില്‍ ടോപ്പ് എന്നത് പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ വളരെയേറെ ഉയരത്തിലാണ്.അവിടെ എത്തിച്ചേരാന്‍ അല്‍പ്പം യാത്ര വേണ്ടി വന്നുവെങ്കിലും ആ ഉന്നതങ്ങളിലെ
കാഴ്ച്ചകള്‍ക്കും അപൂര്വ്വതയുണ്ടായിരുന്നു.സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഇവിടെ ധാരാളം അവസരങ്ങള്‍. കോടമഞ്ഞിന്റെ മൂടുപടത്തിനുള്ളില്‍ ഒട്ടേറെ കാഴ്ചകള്‍ മറഞ്ഞിരിക്കുന്നുവെന്നു തോന്നുന്നു.വിദൂരതയില്‍ സഹ്യാദ്രിയുടെ വശ്യതയോടെ പൌരുഷമാര്‍ന്ന ഒരു വന്‍ പര്വ്വതനിരതന്നെ കുടികൊള്ളുന്നു.തന്റെ ഹിമവല്‍ രൂപം മറയ്ക്കുന്ന മഞ്ഞിന്റെ മാറാല നീക്കാനെന്നവണ്ണം ആ ദിശയില്‍ നിന്നും അല്‍പ്പം വേഗത്തില്‍ തന്നെയാണ് കാറ്റ് വീശുന്നതും.
ഒടുവില്‍ മടക്കയാത്രക്കു നേരമായിരിക്കുന്നു.എന്തോ ഒരു നിസ്സംഗത ഉള്ളില്‍ വെമ്പുന്നു.
ഒരു പക്ഷെ മറക്കാനാഗ്രഹിക്കാത്ത സുഖകരമായ ഒരു പകല്‍ സ്വപ്നം കണക്കേ ഒരു ദിനം.ആ നല്ല അനുഭവങ്ങളില്‍ നിന്നും ഒരു വിടവാങ്ങല്‍ മനസ്സ് ആഗ്രഹിക്കുന്നില്ലെങ്കിലും.....ഭൂമിയിലെ സ്വര്‍ഗ്ഗത്തില്‍ ഒരു ദിനം.അതില്‍ കുറഞ്ഞതൊന്നും ഇവിടെ ഇണങ്ങില്ല.
3 comments:
ബൂലോകത്തേയ്ക്കു സ്വാഗതം ജയാ...
യാത്രാവിവരണം നന്നായിരിയ്ക്കുന്നു. നല്ല ഒഴുക്കോടെ എഴുതിയിട്ടുണ്ട്. മൂന്നാര്‍ യാത്രയിലെ നല്ല ചിത്രങ്ങള്‍ കൂടി ചേര്‍ക്കാമായിരുന്നല്ലോ.
ഇനിയും എഴുതുക. ആശംസകള്‍!
:)
അഭിപ്രായത്തിനു നന്ദി ശ്രീ.എന്റെ ബ്ലോഗ്ഗിന് ശ്രീയും ഒരു പ്രചോദനമാണു കേട്ടോ.
hello super eniku ishttayeda njanum onnu munnar vara poyi vannu
wonderfullllllllllllll
beautiful da
Post a Comment